Tuesday 12 January 2016

നമസ്തെ , കേരളത്തിലെ കണക്ക സമുദായത്തിലെ ആചാര അനുഷ്ഠാനങ്ങളെക്കുറിച്ച് ആധികാരികമായി അറിയുന്ന ആരെങ്കിലും ഉണ്ടോ ? മന്ദ് , മകരച്ചൊവ്വായ് , വൃശ്ചികച്ചൊവ്വായ് , കളിയാട്ട് , വട്ടക്കളി ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാവുന്നവർ , അങ്ങനെ അറിയാവുന്നവരെക്കുറിച്ച് അറിവുള്ളവർ പറഞ്ഞുതന്നാൽ വളരെ ഉപകാരം. "പരടി കൂടൽ"കണക്കന്മാരുടെ ഏറ്റവും വലിയ സൈദ്ധാന്തിക കൂട്ടായ്മ ആയിരുന്നു .അവസാനത്തെ പരടി നടന്നത് 1948 ൽ ആയിരിക്കണം .അതിനു ശേഷം കണക്കന്മാരുടെ സൈദ്ധാന്തിക കൂട്ടായ്മ നടന്നിട്ടില്ല , 1948 ൽ പരടിയിൽ പങ്കെടുത്തവർ കുമ്പളന്മാർ ,തിരുവാലന്മാര്‍  കണ്ണാടി പല്ലഞ്ചാത്തനൂർ മാത്തൂർ കുന്നന്മാരാണ് .അയ്യായിരക്കണക്കന്മാർ, മൂവ്വായിരക്കണക്കന്മാർ, തോണിക്കാടന്മാർ എന്നിങ്ങനെ മൂന്ന് വിഭാഗക്കാരാണ് പാലക്കാട് കിഴക്കൻ മേഖലയിൽ വസിക്കുന്നത് . കണക്കന്മാരുടെ പ്രധാന ഒത്തുചേരൽ  കേന്ദ്രം മന്ദുകളാണ്‌ . ഒരു മന്ദിൽ പല ദേശക്കാർ ഒത്തു ചേർന്ന് സമുദായത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നു . വയസ്സിനു മൂത്തവരെ കാരണവന്മാർ എന്ന് വിളിക്കുന്നു . കാരണവന്മാരുടെ ഇടയിൽ ജന്മഗതമായി  മേല്ക്കോയ്മ ഉള്ളവരാണ്  സ്ഥാനക്രമത്തിൽ മൂപ്പൻ , ഊരാളി , പണിക്കർ എന്നിവർ.പ്രായത്തിൽ മൂത്തവരെ കാരണവന്മാർ എന്നും ഇളയവരെ വാല്യക്കാർ എന്നും വിളിക്കുന്നു. കാരണവന്മാർക്ക് മാത്രമേ തോർത്ത്‌ ചുമലിൽ ഇടാൻ അധികാരമുള്ളൂ , കാരണവന്മാരിൽ മൂപ്പൻമാർക്ക് മാത്രമേ തലയിൽ കെട്ടാൻ അധികാരമുള്ളൂ , കണക്കന്മാർക്കിടയിൽ മേൽക്കോയ്മയെ സൂചിപ്പിക്കുന്നതാണ് തോർത്ത് തലയിൽ കെട്ടുന്നത് .ഒരു മൂപ്പൻ സ്ഥാനാരോഹണം നടത്തുമ്പോൾ അദ്ദേഹത്തെ മന്ദത്തെ മറ്റു മുതിർന്ന മൂപ്പന്മാർ ചേർന്ന് തലയിൽ തോർത്തുകൊണ്ട്‌ കിരീടമുണ്ടാക്കി അണിയിച്ച് അധികാരത്തിന്റെ ചിഹ്നമായ കോലിൽ പിടിപ്പിച്ച് മന്ദത്തെ ദൈവങ്ങളെ പ്രതിഷ്ഠിച്ച മൺതറയിലേയ്ക്ക് സ്വീകരിയ്ക്കുന്നു.

സാംസ്കാരിക വംശനാശത്തിൻറെ ഫലമായി അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു അനുഷ്ഠാന കലയാണ് ​പാലക്കാട്ട് കണക്കന്മാരുടെവട്ടക്കളി.
മിക്കവാറും എല്ലാ പട്ടികജാതി - പട്ടികവർഗ്ഗ സമുദായങ്ങൾക്കും അവരുടെ ആരാധനാമൂർത്തികളെ പ്രീതിപ്പെടുത്തുന്നതിനായി ദേവീ സ്തുതി പാട്ട് പാടി നൃത്തം ചെയ്യുന്ന വട്ടക്കളി സ്വന്തമായി ഉണ്ടായിരുന്നു.
ഇന്ന് ഈ അനുഷ്ഠാന കല അറിയുന്നവർ വിരലിൽ എണ്ണാവുന്നവരേ ഉള്ളൂ.
അങ്ങനെ ഉള്ള ഒരു കാരണവർ ശ്രീ വേലായുധൻ ഊരാളൻ അവർകളെ നേരിട്ട് കണ്ട് ആദ്ദേഹം പാടിത്തന്നത് പകർത്തിയത് ആണ് ഇത്.


പാലക്കാട്ട് കണക്കന്മാരുടെ കുമ്പളത്തറ മന്ദത്തെ വട്ടക്കളിപ്പാട്ട്
************************************************************
തെയ് താത്താ തെയ് -തെയ് താ 
തെയ്യം താത്ത തെയ്-തെയ് താ
തെയ് തെയ് തെയ് - തെയ് തോം  തെയ് തോം 

വാഴ് വാഴല്ലേ പുലി പുലിയേ
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ഏമൂരി നല്ലമ്മയെ പൊലിച്ചെടുത്തേ (2)

 വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

പുതുശ്ശേരി നല്ലമ്മമ്മേനെ  പൊലിച്ചെടുത്തേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

പുതുശ്ശേരി നല്ലമ്മയും നെറയെ വാഴേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

മണപ്പുള്ളി നല്ലമ്മയെ പൊലിച്ചെടുത്തേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

മണപ്പുള്ളി നല്ലമ്മയും നെറയെ വാഴേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ചേർമ്പറ്റ  നല്ലമ്മയെ പൊലിച്ചെടുത്തേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ചേർമ്പറ്റ  നല്ലമ്മയും നെറയെ വാഴേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ചെമ്പറകോട്ട് നല്ലയ്യനെ പൊലിച്ചെടുത്തേ(2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ചെമ്പറകോട്ട് നല്ലയ്യനും നെറയെ വാഴേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

മൂന്നില്ലത്ത് മുത്തൻമാരെ പൊലിച്ചെടുത്തേ(2)

വെള്ളർകോട്ട നല്ലയ്യനെ  പൊലിച്ചെടുത്തേ(2)

വാഴ് വാഴല്ലേ പുലി പുലിയേ 
ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

വെള്ളർകോട്ട നല്ലയ്യനും നെറയെ വാഴേ (2)

മൂന്നില്ലത്ത് മുത്തൻമാരും നെറയെ വാഴേ (2)

തെയ്‌ത  തെയ്‌ത തെയ് തെയ് തെയ് തെയ് -തോം

(ഈ വട്ടക്കളി പാട്ടിന് ഏകദേശം 600 വർഷത്തെ പഴക്കം കൽപ്പിക്കുന്നു)